Thursday 21 August 2014

യാത്ര

നിർവികാരത്തിൻ പര്യായമായ
രണ്ടെണ്ണത്തിനിടയിൽ
ബൈക്കിൽ യാത്ര ചെയ്യുന്ന
രണ്ട് മുട്ടനാടുകൾ...
കാലത്തിൻ  പരിഷ്ക്കാരമല്ലിത് ,
കാലൻതൻ കൈകളിലേക്കുള്ള
യാത്രയാണ് ...
എൻ കരങ്ങൾ പരജിതമായ്
മിഴിശ്രവണങ്ങൾക്കായ്
മറയവാൻ കഴിയാതെ ...

                      


Sunday 10 August 2014

ജീവിതപാതയിൽ



ജീവിതയാത്രതൻ
അന്ത്യത്തിൽ
കണ്ണട  ചില്ലിനുള്ളിലൂടെ
കാഴ്ചകൾ മങ്ങുമ്പോൾ
ഓർമ്മകൾ നമ്മെ പുറകിൽ
തലോടും ....
തിരിഞ്ഞു നോക്കവേ
തെളിയുന്നു  കാണാതെ
പോയ ചില കാൽപാടുകൾ ..
നഷ്ടബോധത്തിൻ  ചിരിയും അധരത്തിൽ
പ്രതിഷ്ഠിച്ച്...
നെടുവീർപ്പിട്ട്...
പ്രകൃതിയിലേക്ക് അലിയാം
നമുക്ക്.,

ഒരു തെന്നലായ്


ദിവസങ്ങളോളം ഉള്ള , നാല് ചുമരുകൾക്കിടയിലെ  എന്റെ ജീവന് അവസാനമായിരിക്കുന്നു എന്ന് ഒരു  ഞെട്ടലോടുകൂടി തിരിച്ചറിഞ്ഞു . ചുറ്റും വേദനയുടെ ഞെരങ്ങലുകളും മൂളലുകളും എന്നെ അസ്വസ്ഥയാക്കി .
ജീവിതം കുറച്ചേയുള്ളൂ എന്നറിയാൻ വൈകിപോയി .  എങ്ങനെ ജീവിച്ചുതീർക്കണമെന്നു അറിയില്ലായിരുന്നു .
എല്ലാവരുടേയും പരിഹാസത്തിനിരയായി ജീവിതം ആസ്വദിക്കാൻ മറന്നുപോയി.
ആശ്വസത്തിനായ് വേദനകളുടെ ഇടയിൽനിന്നും അകന്നുപോകാൻ തീരുമാനിച്ച് അവിടെ നിന്നും ഇറങ്ങി.
വർഷകാലത്തിന്റെ ആരംഭമാണ്. മഴയെ ഞാനേറെ സ്നേഹിച്ചിരുന്നു ...
അതിലേറെ നിലാവിനെ ..
അങ്ങ് വയലിൽ ചീവീടുകളുടെയും തവളകളുടെയും പ്രാർത്ഥനയല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല.അവർക്കത്  സന്തോഷത്തിന്റെ നാളുകളാണ് . എന്നാൽ അതെന്റെ കാതുകളിൽ കാലന്റെ കാൽച്ചുവടുപോലെയായിരുന്നു .
പ്രതീക്ഷകളെല്ലാം  അസ്തമിച്ചിരിക്കുന്നു . മഴ തകർത്തുപെയ്യുന്നു..ആ  മഴയിൽ ഞാൻ നടന്നു . തണുപ്പിൽ ശരീരം മരവിക്കുന്നതോടൊപ്പം എന്റെ പ്രതീക്ഷകളും മരവിച്ചുതുടങ്ങിയിരുന്നു. കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു . പോയത് കടൽ തീരത്തേക്കായിരുന്നു. പോകുന്ന  വഴിയിൽ കുറെപേർ  ശയിക്കുന്നുണ്ട് . അതൊരു  ശ്മശാനമായിരുന്നു. നാളെ എന്റെ നിദ്രയും അവരിലൊരാളായിട്ടായിരിക്കും  എന്ന ചിന്ത എന്നിൽ ഒരു ദീർഘ നിശ്വാസം സൃഷ്ടിച്ചു. കടൽ തീരത്ത് ഞാൻ തനിച്ചായിരുന്നു .മഴ  ശാന്തമായിരിക്കുന്നു . ആഗ്രഹങ്ങളുടെ നിറക്കുടമാകുന്ന മനസ് .....ജീവിതത്തിൽ ഒരുപിടി ആഗ്രഹങ്ങൾ മാത്രമേ യാഥാർത്ഥ്യമാകൂ  എന്ന് ആദ്യമായും അവസാനമായും തിരിച്ചറിഞ്ഞു.
എങ്കിലും ഞാനാഗ്രഹിച്ചു ഒരു നിലാവ് കൂടി ..
അങ്ങകലെ പടിഞ്ഞാറെ ചക്രവാളം ഇരുണ്ടു തുടങ്ങി ..ദൂരെ കപ്പലിന്റെ നിഴൽ മാത്രം കാണാം. തിരമാലകൾ ശാന്തമായിരിക്കുന്നു . ഞാൻ മണൽത്തിട്ടയിലൂടെ നടന്നു നീങ്ങി.ഞണ്ടുകൾ ധൃതിയിൽ സഞ്ചരിക്കുന്നു.തിരകൾ  കാൽച്ചുവട്ടിൽ നിന്നും മണലിനെ വഹിച്ചുകൊണ്ട് പോകുന്നു .
എന്റെ കർണ്ണങ്ങളിൽ നായയുടെ ഓലിയിടൽ...ചുറ്റും വവ്വാലുകൾ വട്ടമിടുന്നത് പോലെ ...
ഞാൻ മടങ്ങി ......
 പോകുന്ന വഴി ശ്മശാനത്തിന്റെ മുന്നിൽ കുറച്ച് നേരം നിന്നു. ചില സ്ഥലങ്ങളിൽ പൂക്കൾ വെച്ചിരിക്കുന്നു ."നാളെ  എനിക്ക് വേണ്ടി ആരായിരിക്കും ..?"
അറിയില്ല ...
അവിടെനിന്നും  ആരോ  എന്നെ കൈനീട്ടി വിളിക്കുന്നത് പോലെ തോന്നി .
ഇളം തെന്നൽകുളിർ എന്നെ പുണർന്നു...
ബന്ധങ്ങളുടെയും വേദനകളുടെയും വലകളിൽ നിന്നും ഇന്ന് ഞാൻ  അവർക്കൊപ്പം ഗാഢനിദ്രയിലാണ് .
പക്ഷേ ആത്മാക്കളുടെ ഇഷ്ടമായ മഴ ഓരോ വർഷവും ഉണ്ടാകുമ്പോൾ അതിനിടയിൽ  ഒരു തെന്നലായ്  ഞാനും ..
നിങ്ങളറിയാതെ..
നിങ്ങൾക്കിടയിൽ ..

Saturday 9 August 2014

എൻ വർഷമേ..



നൂലുപോൽ പെയ്തിറങ്ങി
അങ്കണത്തിൽ മനോഹരമാം
വളകൾ നിറക്കുന്നുവോ  നീ
ആഗ്രഹങ്ങൾ സാധിക്കവേ
കേൾക്കാം മണ്‍ഡൂപകലാപം.

     അങ്ങുദൂരെ പടിഞ്ഞറെ
     നെറ്റിയിൽ സപ്തവർണ്ണമാം
     കുറിച്ചാർത്തുമായ് ഗഗനം .
     നിർമ്മലമാം തളിരിലകൾ
     ആടുന്നു ആനന്ദനൃത്തം

എന്തിനു നീ ആർത്തു വിളിക്കുന്നു
ദുർബലമാം മനസിനെ ഭീതിയിലാക്കാൻ ?
സ്വരരാഗമല്ലിത്, ഓർമ്മിപ്പിക്കുന്നു
ദുർഘടമാം  എൻ  ജീവിതത്തെ .

     കലിതുള്ളിയാൽ വിറയ്ക്കും കുരുന്നുകൾ,
     ജനനിയെ അലങ്കാരമാക്കുമാ-
     കുഞ്ഞുകാൽപാടുകൾ മറയുന്നു
     നിൻ പ്രളയത്താൽ .......
     വിനിന്ദ്രയാക്കുന്നു നിൻ അട്ടഹാസം.

കാണുന്നു മഴതൻ  മറുരൂപം ,
ഉയരുന്നു മരണത്തിൻ കാലൊച്ച ,
കേൾക്കുന്നു ആത്മാക്കൾതൻ
കൊലച്ചിരി .......
അറിയുന്നു ശ്മശാനത്തിൻ ഗന്ധം.

     കാണാനാഗ്രഹിക്കുന്നു  സ്വർണ്ണ
     വർണ്ണമാം  വെയിലിനെ
     കാണാനാഗ്രഹിക്കുന്നു ഞാനാ
     ചന്ദ്രപുണ്ണ്യത്തെ .....
     ദയ തൂവുക എന്നിൽ നീ ..


എൻ സുഹൃത്തേ അടങ്ങൂ നീ..
ഇച്ചിക്കുന്നു ഞാനാ-
വയൽ വരമ്പിൽ ഉലാത്തൽ,
ആഗ്രഹിക്കുന്നു ചേബിൽ
തളികയിലെ മാണിക്ക്യം കാണാൻ.

     മൃദുലമാം നിൻ ആഗമനം
     എനിക്കേകിയിരുന്നു ശോകാർദ്രത,
     പുലരിയിലെ നിൻ പുഞ്ചിരി
     എനിക്കേകിയിരുന്നു സംതൃപ്തി,
     പ്രതീക്ഷിക്കുന്നു  ഞാനാ കുളിർ.