Saturday, 15 February 2014

അനാഥത്വം

എൻ പൃഥ്വി ദേവി...മാതാവേ..
നിൻ മാറത്ത് നിൽക്കുമ്പോഴും വട്ടമിടുന്നു
കഴുകന്മാർ എനിക്കു ചുറ്റും.
നികൃഷ്ടമാം എന്നവസ്ഥയിൽ
എന്തേ നിൻ മാതൃത്വം അതിക്ഷിപ്തമാക്കി..?
ഞാനാഗ്രഹിക്കുന്നു നിൻ സമീപനം.
നിൻ കരങ്ങളാകും വിടപിതൻ
ചുവട്ടിൽ വിശ്രമിക്കുമ്പോഴും
കാണുന്നു നിൻ പത്തികൾ തൻ
അകൽച്ച..
നിൻ കരങ്ങളിൽ വാനരന്മാർ
കളിയാക്കി കളിച്ചുല്ലസിക്കുന്നു..
എൻ കർണങ്ങളിൽ പിശാചുക്കൾ
മന്ത്രമോതുന്നു...
മിഴികളിൽ കണ്ണീർസാഗരം
ഉത്ഭവിക്കുന്നു...
എന്നിൽ നിറയുന്നു ഉന്മാദം,
നിർഗ്ഗതമാകുന്നു എൻ സഹനശക്തി...

അജീവദിനം


ഉമ്മറത്തെ നിശബ്ദമാം അവസ്ഥയിൽ
ചന്ദനത്തിരി ഗന്ധത്തിൽ നടുവിൽ
വെള്ളപട്ടിൽ പൊതിഞ്ഞൊരു
അജീവമാം ശരീരം....
അരികിലിരുന്നു വായിട്ടു കരയുന്നു
ജീവിത സഖി .....
മനസിലായില്ല അവശേഷിച്ചതൊന്നും.
ശീർഷാറ്റത്തിരുന്നാരോ വചിക്കുന്നു
'രാമ....രാമ..നാരായണ'...
സൂക്ഷ്മമാക്കിയെൻ ശ്രദ്ധ,
നിമിഷങ്ങൾ നീങ്ങവെ അറിഞ്ഞു
ആ നാവിൻ കുസൃതി
രാമ...രാമ..മരായണ....

കാണാം കണ്ണീർതൻ കാപട്യങ്ങൾ
വന്നു കയറും നേരം നിറഞ്ഞൊഴുകുന്നു
ശബ്ദമാം കണ്ണീർപ്പുഴ ....
പിന്നീടോ...? സല്ലാപം.
അടുക്കളമുറ്റത്തിരുന്നു പങ്കുവെക്കുന്നു
നാരികൾ വീട്ടുവിശേഷങ്ങൾ,
മുറികളിൽ പിറുപിറുക്കുന്നു ചിലർ
അയാൾതൻ മഹത്വം, ജീവ
മൃത്യുവിനു ശേഷം മാത്രമായ്. 
ഇടവഴിയിൽ ചിന്തകളാൽ ബീഡി
പുകയ്ക്കുന്ന ഒരു വൃദ്ധൻ.
കാണാം രാഷ്ട്രീയ ഭ്രാന്തിൽ
പരിസരബോധം നഷ്ടമായവരെ..

നിരർത്ഥമാം ചടങ്ങുകൾക്ക് ശേഷം
മനസിനൊരു ന്യായത്തിൻ കുളിരേകി
ഒരു അന്ത്യകർമ്മം ...
പാവനമാം ദഹനം

Saturday, 8 February 2014

യന്ത്രങ്ങൾ

അവശത അറിയിച്ചിരുന്നു
പ്രവർത്തനങ്ങളിലൂടെ ..
ഫാൻ ശബ്ദമുയർത്തി കരഞ്ഞു,
മുഖത്ത് അവശതയുടെ തുരുബ്
ഉയർന്നിരുന്നെങ്കിലും,അവയവങ്ങൾ
ദ്രവിക്കുകയായിരുന്നെങ്കിലും,
അവയെ കൃത്രിമമായ് കാര്യക്ഷമത
ഉണ്ടാക്കുവാൻ ശ്രമിച്ചു ..
അവസാനനിമിഷത്തിൽ തിരിച്ചറിഞ്ഞു
ഞാനവന്റെ സ്വാർത്ഥത, ഞാൻ
വെറുമൊരു അടിയാളനായിരുന്നു.
കാലത്തിൻ മാറ്റം വാക്കിൽ മാത്രം..

ഒരു ദിനകാഴ്ച്ച

മാലിന്യ കൂമ്പാരങ്ങളിൽ തപ്പിനടന്ന്
കുപ്പിയും മറ്റും പൊറുക്കി അവൾ
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി
കഷ്ടപ്പെടുന്നു .............


പീടികതിണ്ണയിൽ ഭിത്തിയോട്
ചാരിക്കിടന്നവൾ മറയില്ലാതെ
മറച്ചുകൊണ്ട് കുഞ്ഞിനു
പാൽ ചുരത്തുന്നു ............


ജഡപിടിച്ച മുടിയും മുഷിഞ്ഞ വസ്ത്രയുമായ
ആ ശോഷിച്ച ജന്മത്തിനു
നേരയും പരിഹാസത്തിന്റെ
കല്ലെറിയുന്നു ചിലർ ......


ഇരുട്ടിൻ മറവിൽ ഭോഗസുഖം
ഉടുമുണ്ട് തലകെട്ടാക്കി ആ
ശരീരത്തിനു നേരെ തിരിയുന്ന
ചില കാമഭ്രാന്തൻമാർ....


പകൽവെളിച്ചത്തിൽ മാന്യതയുടെ
മുഖംമൂടിയണിഞ്ഞു ആ കഴുകന്മാർ
ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ
എന്ന ഭാവത്തിൽ നടക്കുന്നു...

 

Sunday, 2 February 2014

ജീവിതചക്രം


നിഷ്കളങ്ക സ്വാതന്ത്ര്യത്തിൻ
ബാല്യം അരങ്ങൊഴിഞ്ഞ്
കൗമാരം പടിയിറങ്ങിയ നേരം
മതപ്പാടെന്ന് പറഞ്ഞ്
അവരെന്നെ ചങ്ങലെയ്ക്കിട്ടു.
കാലിലെ മുറിവുകൾ
മനസിനെ വൃണപ്പെടുത്തി
പഴുത്തൊലിച്ചതാരുമറിഞ്ഞില്ല.
യൗവനത്തിൽ കൂടിയെൻ
ചങ്ങലതൻ കാഠിന്യം...
 ഓരോ ദിനരത്രികൾ യാത്രയാകവെ
തിരിച്ചറിഞ്ഞു
ഞാൻ ജീവനുള്ള ശവം.
പരിശ്രമത്തിനൊടുവിൽ ചങ്ങലതൻ
കണ്ണികളോരോന്നായറുത്ത്
പുറംലോകമാസ്വദിക്കാൻ വെമ്പുന്ന
എനിക്ക് മുന്നിലൊരു
സൂചനാ ബോർഡ്‌...
"വാർദ്ധക്യത്തിലേക്ക് സ്വാഗതം"

Saturday, 1 February 2014

വിധി

പ്രതീക്ഷയറ്റ് പോകുമ്പോൾ
നാം  ആശ്വസിക്കുന്ന
വാക്ക് .....

ബന്ധങ്ങൾ മുറിയുമ്പോൾ നാം
സ്വാന്തനമായ് കേൾക്കുന്ന
വാക്ക് .....

അംഗങ്ങൾ മുറിച്ചുമാറ്റുമ്പോൾ
പണ്ഡിതർ ഉരുവിടുന്ന
വാക്ക് .....

കഴുകനഖങ്ങൾക്കിടയിൽ പിടയും
പെണ്ണിൽ ചെവികളിലെത്തുന്ന
വാക്ക് .....

 ജനനിയിൽ വിടപറയും നേരം
പരസ്പരം മന്ത്രിക്കുന്ന
വാക്ക് .....

പ്രണയമനസുകൾ പിരിയുമ്പോൾ
സുഹൃത്തുക്കൾ എറിയുന്ന
വാക്ക് ....

വൃദ്ധസദനങ്ങളിൽ ചേക്കേറും
വൃദ്ധരുടെ മനസ്സിൽ സൂക്ഷിക്കുന്ന
വാക്ക് ....

കാലചക്രത്തിൻ കളിപ്പാവയായ്
ഞാനെന്നോട് പറയുന്ന വാക്ക് ...."വിധി"