Tuesday, 10 June 2014

ജഡമായ പൂ

ആരുടെയോ സ്നേഹവികാരത്തിൻ
പ്രതിഫലമാകാം
ആർക്കും വേണ്ടാതെ റോഡരികിൽ
ദയനീയ ഭാവത്താൽ കിടന്നിരുന്ന  ആ പൂ.

നൂലുപോൽ പെയ്തിറങ്ങി
മഴത്തുള്ളികളവളെ  തലോടുമ്പോൾ
ഏറെ സുന്ദരിയായിരുന്നു അവൾ .

ശകടചക്രത്തിന്നടിയിൽക്കിടന്നു
ചതഞ്ഞരയുമെന്ന ഭീതിയാൽ,
ഞാനെൻ കൈവെള്ളയിൽ എടുക്കവെ
തിരിച്ചറിഞ്ഞു അവൾ വെറുമൊരു ജഡം .

നിർഭയദാക്ഷണ്യത്താൽ കുറ്റികാട്ടിലേക്ക്
വലിച്ചെറിയവെ,
എൻ കണ്ണുകൾക്ക് കുളിർമ്മയേകി
ഉണങ്ങിയൊടിഞ്ഞ ആ കുറ്റിക്കാട്ടിൽ
ഇരുട്ടിൽ നിലാവിൻ വെണ്മപ്പോൽ
ഒരു രാജകുമാരിയെപ്പോൽ
അവൾ മനോഹരിയായിരിക്കുന്നു .


Monday, 2 June 2014

ചായങ്ങൾ

ഒരു നുറുങ്ങ് വെട്ടത്തിൻ പ്രതീക്ഷയിൽ
സഞ്ചരിക്കുന്ന ജീവിത കാഴ്ചകൾക്കപ്പുറമൊരു
ലോകം ..

വർത്തമാനം  കല്ലെറിയുമ്പോൾ
ഉന്മാദത്തിൻ വർണ്ണ ശബളമാം  ലോകം
 എന്നിലേക്ക് പ്രകാശം തൂവുന്നു ..

ചായമെൻ ശരീരത്തിൽ ഒരു നാഗം പോൽ
ഒരു തോഴനായ്‌  ചുറ്റിപ്പിണയും നേരം
ഭോഗത്തിൻ സൃഷ്ടി എന്നിൽ  ഉടലെടുക്കുന്നു .

അരിച്ചിറങ്ങുന്ന ചായത്തിലൊരു
നികൃഷ്ടമാം മൃഗത്തിൻ നയനമെനിക്ക് നേരെ
തുപ്പും അഗ്നി യഥാർത്യത്തിലേക്ക്
വലിച്ചിഴക്കവെ വീണ്ടുമാ
നിർവികാരവസ്ഥയിലേക്ക് ....

നിരർത്ഥ സ്വാർത്ഥമാം ബന്ധങ്ങൾക്കിടയിൽ
പതറിയൊരു കുഞ്ഞുപൈതലായ്
നിൽക്കവെ ,
തിമിരത്തിൻ വേരെൻ കണ്ണുകളിൽ ആഴ്ന്നിറങ്ങി
കാഴ്ച്ചയെ മറയ്ക്കുമ്പോൾ,
നിലാവിന്റെ വെണ്മയിൽ    
നിഴലിൽ ഇരുൾ പോലെയീ
നിമിഷമെൻ പ്രണയം ...

Thursday, 6 March 2014

ചിതറിയ ചിന്തകൾ

ചിന്തകളുടെ അന്തകാരത്തിൽ
ഒരു ഭോഷയായ് സഞ്ചരിക്കവെ,
ഇടവഴിയിൽ നിഴലുകൾ
മത്തുപിടിപ്പിക്കെ ചുറ്റും
നൃത്തമാടുന്നു...

ഭ്രഷ്ടയായ് എൻ ചിന്തകൾ
അലയവെ, എന്തെന്നറിയാത്ത
ഒരു വിഭ്രാന്തി...

 ചോദ്യങ്ങൾക്ക് പ്രതിവചനമില്ലീ
നിമിഷമെങ്കിലും പ്രകാമമാം
ഉത്തരത്തിനായ് അലയുന്നു ഞാൻ
ഒരു പോഴയായ്...

ഭീതിയാകും ധൂമിതയാൽ
ലയിച്ചു പോയയെൻ
കടിഞ്ഞാണ് എങ്ങോ
നഷ്ടമായിരിക്കുന്നു

Saturday, 15 February 2014

അനാഥത്വം

എൻ പൃഥ്വി ദേവി...മാതാവേ..
നിൻ മാറത്ത് നിൽക്കുമ്പോഴും വട്ടമിടുന്നു
കഴുകന്മാർ എനിക്കു ചുറ്റും.
നികൃഷ്ടമാം എന്നവസ്ഥയിൽ
എന്തേ നിൻ മാതൃത്വം അതിക്ഷിപ്തമാക്കി..?
ഞാനാഗ്രഹിക്കുന്നു നിൻ സമീപനം.
നിൻ കരങ്ങളാകും വിടപിതൻ
ചുവട്ടിൽ വിശ്രമിക്കുമ്പോഴും
കാണുന്നു നിൻ പത്തികൾ തൻ
അകൽച്ച..
നിൻ കരങ്ങളിൽ വാനരന്മാർ
കളിയാക്കി കളിച്ചുല്ലസിക്കുന്നു..
എൻ കർണങ്ങളിൽ പിശാചുക്കൾ
മന്ത്രമോതുന്നു...
മിഴികളിൽ കണ്ണീർസാഗരം
ഉത്ഭവിക്കുന്നു...
എന്നിൽ നിറയുന്നു ഉന്മാദം,
നിർഗ്ഗതമാകുന്നു എൻ സഹനശക്തി...

അജീവദിനം


ഉമ്മറത്തെ നിശബ്ദമാം അവസ്ഥയിൽ
ചന്ദനത്തിരി ഗന്ധത്തിൽ നടുവിൽ
വെള്ളപട്ടിൽ പൊതിഞ്ഞൊരു
അജീവമാം ശരീരം....
അരികിലിരുന്നു വായിട്ടു കരയുന്നു
ജീവിത സഖി .....
മനസിലായില്ല അവശേഷിച്ചതൊന്നും.
ശീർഷാറ്റത്തിരുന്നാരോ വചിക്കുന്നു
'രാമ....രാമ..നാരായണ'...
സൂക്ഷ്മമാക്കിയെൻ ശ്രദ്ധ,
നിമിഷങ്ങൾ നീങ്ങവെ അറിഞ്ഞു
ആ നാവിൻ കുസൃതി
രാമ...രാമ..മരായണ....

കാണാം കണ്ണീർതൻ കാപട്യങ്ങൾ
വന്നു കയറും നേരം നിറഞ്ഞൊഴുകുന്നു
ശബ്ദമാം കണ്ണീർപ്പുഴ ....
പിന്നീടോ...? സല്ലാപം.
അടുക്കളമുറ്റത്തിരുന്നു പങ്കുവെക്കുന്നു
നാരികൾ വീട്ടുവിശേഷങ്ങൾ,
മുറികളിൽ പിറുപിറുക്കുന്നു ചിലർ
അയാൾതൻ മഹത്വം, ജീവ
മൃത്യുവിനു ശേഷം മാത്രമായ്. 
ഇടവഴിയിൽ ചിന്തകളാൽ ബീഡി
പുകയ്ക്കുന്ന ഒരു വൃദ്ധൻ.
കാണാം രാഷ്ട്രീയ ഭ്രാന്തിൽ
പരിസരബോധം നഷ്ടമായവരെ..

നിരർത്ഥമാം ചടങ്ങുകൾക്ക് ശേഷം
മനസിനൊരു ന്യായത്തിൻ കുളിരേകി
ഒരു അന്ത്യകർമ്മം ...
പാവനമാം ദഹനം

Saturday, 8 February 2014

യന്ത്രങ്ങൾ

അവശത അറിയിച്ചിരുന്നു
പ്രവർത്തനങ്ങളിലൂടെ ..
ഫാൻ ശബ്ദമുയർത്തി കരഞ്ഞു,
മുഖത്ത് അവശതയുടെ തുരുബ്
ഉയർന്നിരുന്നെങ്കിലും,അവയവങ്ങൾ
ദ്രവിക്കുകയായിരുന്നെങ്കിലും,
അവയെ കൃത്രിമമായ് കാര്യക്ഷമത
ഉണ്ടാക്കുവാൻ ശ്രമിച്ചു ..
അവസാനനിമിഷത്തിൽ തിരിച്ചറിഞ്ഞു
ഞാനവന്റെ സ്വാർത്ഥത, ഞാൻ
വെറുമൊരു അടിയാളനായിരുന്നു.
കാലത്തിൻ മാറ്റം വാക്കിൽ മാത്രം..