ദിവസങ്ങളോളം ഉള്ള , നാല് ചുമരുകൾക്കിടയിലെ എന്റെ ജീവന് അവസാനമായിരിക്കുന്നു എന്ന് ഒരു ഞെട്ടലോടുകൂടി തിരിച്ചറിഞ്ഞു . ചുറ്റും വേദനയുടെ ഞെരങ്ങലുകളും മൂളലുകളും എന്നെ അസ്വസ്ഥയാക്കി .
ജീവിതം കുറച്ചേയുള്ളൂ എന്നറിയാൻ വൈകിപോയി . എങ്ങനെ ജീവിച്ചുതീർക്കണമെന്നു അറിയില്ലായിരുന്നു .
എല്ലാവരുടേയും പരിഹാസത്തിനിരയായി ജീവിതം ആസ്വദിക്കാൻ മറന്നുപോയി.
ആശ്വസത്തിനായ് വേദനകളുടെ ഇടയിൽനിന്നും അകന്നുപോകാൻ തീരുമാനിച്ച് അവിടെ നിന്നും ഇറങ്ങി.
വർഷകാലത്തിന്റെ ആരംഭമാണ്. മഴയെ ഞാനേറെ സ്നേഹിച്ചിരുന്നു ...
അതിലേറെ നിലാവിനെ ..
അങ്ങ് വയലിൽ ചീവീടുകളുടെയും തവളകളുടെയും പ്രാർത്ഥനയല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല.അവർക്കത് സന്തോഷത്തിന്റെ നാളുകളാണ് . എന്നാൽ അതെന്റെ കാതുകളിൽ കാലന്റെ കാൽച്ചുവടുപോലെയായിരുന്നു .
പ്രതീക്ഷകളെല്ലാം അസ്തമിച്ചിരിക്കുന്നു . മഴ തകർത്തുപെയ്യുന്നു..ആ മഴയിൽ ഞാൻ നടന്നു . തണുപ്പിൽ ശരീരം മരവിക്കുന്നതോടൊപ്പം എന്റെ പ്രതീക്ഷകളും മരവിച്ചുതുടങ്ങിയിരുന്നു. കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു . പോയത് കടൽ തീരത്തേക്കായിരുന്നു. പോകുന്ന വഴിയിൽ കുറെപേർ ശയിക്കുന്നുണ്ട് . അതൊരു ശ്മശാനമായിരുന്നു. നാളെ എന്റെ നിദ്രയും അവരിലൊരാളായിട്ടായിരിക്കും എന്ന ചിന്ത എന്നിൽ ഒരു ദീർഘ നിശ്വാസം സൃഷ്ടിച്ചു. കടൽ തീരത്ത് ഞാൻ തനിച്ചായിരുന്നു .മഴ ശാന്തമായിരിക്കുന്നു . ആഗ്രഹങ്ങളുടെ നിറക്കുടമാകുന്ന മനസ് .....ജീവിതത്തിൽ ഒരുപിടി ആഗ്രഹങ്ങൾ മാത്രമേ യാഥാർത്ഥ്യമാകൂ എന്ന് ആദ്യമായും അവസാനമായും തിരിച്ചറിഞ്ഞു.
എങ്കിലും ഞാനാഗ്രഹിച്ചു ഒരു നിലാവ് കൂടി ..
അങ്ങകലെ പടിഞ്ഞാറെ ചക്രവാളം ഇരുണ്ടു തുടങ്ങി ..ദൂരെ കപ്പലിന്റെ നിഴൽ മാത്രം കാണാം. തിരമാലകൾ ശാന്തമായിരിക്കുന്നു . ഞാൻ മണൽത്തിട്ടയിലൂടെ നടന്നു നീങ്ങി.ഞണ്ടുകൾ ധൃതിയിൽ സഞ്ചരിക്കുന്നു.തിരകൾ കാൽച്ചുവട്ടിൽ നിന്നും മണലിനെ വഹിച്ചുകൊണ്ട് പോകുന്നു .
എന്റെ കർണ്ണങ്ങളിൽ നായയുടെ ഓലിയിടൽ...ചുറ്റും വവ്വാലുകൾ വട്ടമിടുന്നത് പോലെ ...
ഞാൻ മടങ്ങി ......
പോകുന്ന വഴി ശ്മശാനത്തിന്റെ മുന്നിൽ കുറച്ച് നേരം നിന്നു. ചില സ്ഥലങ്ങളിൽ പൂക്കൾ വെച്ചിരിക്കുന്നു ."നാളെ എനിക്ക് വേണ്ടി ആരായിരിക്കും ..?"
അറിയില്ല ...
അവിടെനിന്നും ആരോ എന്നെ കൈനീട്ടി വിളിക്കുന്നത് പോലെ തോന്നി .
ഇളം തെന്നൽകുളിർ എന്നെ പുണർന്നു...
ബന്ധങ്ങളുടെയും വേദനകളുടെയും വലകളിൽ നിന്നും ഇന്ന് ഞാൻ അവർക്കൊപ്പം ഗാഢനിദ്രയിലാണ് .
പക്ഷേ ആത്മാക്കളുടെ ഇഷ്ടമായ മഴ ഓരോ വർഷവും ഉണ്ടാകുമ്പോൾ അതിനിടയിൽ ഒരു തെന്നലായ് ഞാനും ..
നിങ്ങളറിയാതെ..
നിങ്ങൾക്കിടയിൽ ..
No comments:
Post a Comment